ന്യൂഡൽഹി: പത്തുലക്ഷം രൂപ മുടക്കി നീറ്റ് ചോദ്യപേപ്പർ വാങ്ങിയിട്ടും ബിജെപി - യുവമോർച്ച നേതാവിന്റെ മകൻ നേടിയത് വളരെ കുറഞ്ഞ സ്കോർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായ രാജസ്ഥാനിലെ ബിജെപി - യുവമോർച്ച പ്രാദേശിക നേതാവ് ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനാണ് നേരത്തേ ചോദ്യപേപ്പർ കിട്ടിയിട്ടും കുറഞ്ഞ സ്കോർ ലഭിച്ചത്.
720ൽ 107 മാർക്കാണ് യുവമോർച്ച നേതാവിന്റെ മകന് നേടാനായത്. അധികൃതർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദിനേശ് ബിവാലിനെയും സഹോദരനായ മാംഗിലാൽ ബിവാലിനെയും സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മാംഗിലാലിന്റെ മൂത്തമകനായ വികാസും അറസ്റ്റിലായി. കേസിൽ ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനെയും സിബിഐ തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
മകനായ ഋഷി ബിവാലിന് വേണ്ടിയാണ് പത്തുലക്ഷം രൂപ നൽകി സിക്കാറിൽനിന്ന് ചോദ്യപേപ്പർ വാങ്ങിയതെന്നായിരുന്നു ദിനേശ് ബിവാലിന്റെ മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഋഷി ബിവാലിന്റെ പഠനനിലവാരം മോശമായിരുന്നെന്നും കണ്ടെത്തി. പത്താംക്ലാസിൽ 44 ശതമാനം മാർക്കോടെയാണ് ഋഷി ബിവാൽ പാസായത്. പന്ത്രണ്ടാം ക്ലാസിൽ സെക്കന്റ് ക്ലാസായിരുന്നു. ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് വിദ്യാർഥി പന്ത്രണ്ടാം ക്ലാസ് പാസായതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. പുണെയിൽ ബയോളജി പ്രഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് സിബിഐ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.